ലേഖനം

 ഫെമിനിസം ചരിത്ര വഴികളിലൂടെ ...

ഇരുപതാം നൂറ്റാണ്ടിൽ ഒരു കൂട്ടം പ്രസ്ഥാനങ്ങളും ആശയങ്ങളും ലക്ഷ്യമാക്കി സ്ഥാപിതമായതാണ് ഫെമിനിസം. അതിന്റെ പ്രകടനപത്രികയിൽ സാമൂഹിക സാംസ്ക്കാരിക-രാഷ്ട്രീയ തുല്യതയും നിയമപരിരക്ഷയും അന്തർലീനമായിത്തീർന്നു എന്ന വസ്തുത പ്രശംസനീയമാണ്. വനിതകളുടെ വിദ്യാഭ്യാസവും ജോലിയും തുല്യതയുടെയും പ്രധാന അംശങ്ങളായി മാറി. പുരുഷന്മാരുടേതിന് തുല്യമായ അവകാശങ്ങളും അവസരങ്ങളും അവളുടെ സ്വത്വത്തിന്റെ ഭാഗമായിത്തീരേണമെന്ന ശാഠ്യവും ഫെമിനിസ്റ്റ് വീക്ഷണത്തിന്റെ മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റേതൊരു പ്രസ്ഥാനത്തേയും പോലെ ഫെമിനിസ്റ്റ് ചിന്താധാരയുടെ വേര്‌ പടിഞ്ഞാറ് തന്നെ! ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ആയിരുന്നു പ്രഭവകേന്ദ്രങ്ങൾ.

         

                                          സ്ത്രീസ്വാതന്ത്ര്യം വിളിച്ചോതുന്ന ഫെമിനിസ്റ്റ് വീക്ഷണം സ്ത്രീയെ അവളുടെ സാമൂഹ്യ പദവി നിർണ്ണയിക്കുന്നതിനും ന്യായമായആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും ഉൾക്കരുത്തായി വർത്തിക്കുന്നുണ്ട്. നീതിനിഷേധങ്ങൾക്കും പുരുഷാധിപത്യത്തിനും എതിരെയാണ് സ്ത്രീകൾ നിരന്തരം പോരാടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെ തുടർന്ന് 1642 ൽ നാനൂറോളം സ്ത്രീകൾ ചേർന്ന് നൽകിയ നിവേദനമാണ് സ്ത്രീയുടെ അവകാശ സ്ഥാപനത്തിനുള്ള ആദ്യ സംഘടിത ശ്രമമായി കാണുന്നത്.പുരുഷന്മാർക്കൊപ്പം മതപരമായ കാര്യങ്ങളിൽ വ്യാപരിക്കാനുള്ള അവകാശം, കുടുംബത്തിനകത്ത് തങ്ങൾക്ക് കൽപ്പിക്കപ്പെട്ട താഴ്ന്ന പദവി പരിഹരിക്കാനുള്ള ശ്രമം, സ്ത്രീകൾക്കായി നാട്യവേദി, സ്വത്തവകാശം, അടിമവ്യാപാരം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനമാണിത്. പിന്നീട് വോട്ടവകാശം, തൊഴിൽ-വേദന സമത്വം എന്നിവയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലേക്ക് അത് വളർന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ശക്തമായ ആദ്യസ്വരം ഉയർന്നുവരുന്നത് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലാറ്റിനമേരിക്കൻ കവയിത്രിയായ സിസ്റ്റർ ജുവാനയിൽ നിന്നാണ്. ദാമ്പത്യ ജീവിതം സ്ത്രീയുടെ സർഗ്ഗാത്മകതയെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുമെന്ന് വിശ്വസിച്ച അവരുടെ രചനകൾ സ്ത്രീയുടെ ജീവിതത്തിൽ പുരുഷാധിപത്യം നിഷേധിച്ചവയെക്കുറിച്ചുള്ള അന്വേഷണമാണ്. നിലനിൽക്കുന്ന പുരുഷഘടന സമൂഹത്തെ വെല്ലുവിളിച്ച മറ്റൊരാൾ തൊറൊഗ്നെ ഡി മെറി കോൾട്ടാണ്. ഇവർ സ്ത്രീകൾക്കായി സമ്മേളനങ്ങൾ സംഘടിപ്പിച്ച് പ്രസംഗത്തിലൂടെ സ്ത്രീകളെ പ്രബുദ്ധരാക്കാൻ ശ്രമിച്ചു. 

                       

                                                    ഫ്യൂഡൽ സാമൂഹിക ഘടനയിൽ നിന്നും വ്യവസായ യുഗത്തിലേക്കും മുതലാളിത്ത വ്യവസ്ഥയിലേക്കും കടന്നപ്പോഴും സ്ത്രീ അസ്വതന്ത്രയും ചൂഷണവിധേയയുമായിരുന്നു.1789-ലെ ഫ്രഞ്ച് വിപ്ലവകാലത്താണ് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആസൂത്രിതമായ മുന്നേറ്റങ്ങൾ ചരിത്രത്തിൽ ആരംഭിച്ചത്. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം'എന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രഖ്യാപിത മുദ്രാവാക്യം മുഴുവൻ മനുഷ്യരാശിയുടെ അടിസ്ഥാനപരമായ ജന്മാവകാശങ്ങൾ കെട്ടഴിച്ചുവിട്ട അനന്തരഫലങ്ങൾ ആർക്കും തടഞ്ഞു നിർത്താൻ സാധ്യമായിരുന്നില്ല. തൊഴിലാളിവർഗ്ഗ കോളനി രാജ്യങ്ങളിലെ ജനങ്ങൾ, നീഗ്രോ അടിമകൾ, സ്ത്രീകൾ തുടങ്ങി സമസ്ത മർദ്ദിതവിഭാഗങ്ങളും പോരാട്ടവീര്യത്തിന്റെ കണ്ണികളായിത്തീർന്നു.ഇത് ഫ്രഞ്ച് സ്ത്രീവാദത്തിൻറെ ആദ്യാങ്കുരങ്ങളായി കാണാം.മേരി വുളൻ സ്റ്റോൺ ക്രാഫ്റ്റിന്റെ 'വനിതാവകാശ സമർത്ഥനം (Vindication of the Woman 1792), ജോൺ സ്റ്റുവർട്ട് മില്ലറ്റിന്റെ 'Subjection ഓഫ് Woman' എന്നീ ഗ്രന്ഥങ്ങളും സ്ത്രീകളുടെ സ്വതന്ത്രമായ വ്യക്തിത്വം അംഗീകരിക്കുക എന്ന വാദത്തിന് ഊന്നൽ നൽകുന്നതായിരുന്നു. സ്വാഭാവികത എന്ന പേരിൽ തുടർന്നുപോന്ന അനീതികൾ സ്ത്രീകളെ നിശബ്ദമായ സഹനത്തിന് വിധേയമാക്കിയതിന്റെ ചരിത്രവും അതിലൂടെ പുനഃസൃഷ്ടിക്കപ്പെട്ട മൂല്യനിർമ്മിതിയുടെ ഫലമാണ് തുടർന്നുവന്ന നന്മകളുടെ അപഹരണമെന്നും അവർ ആരോപിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളുടെ പരിഷ്ക്കാരവും സ്ത്രീ വിദ്യാഭ്യാസവും അവകാശങ്ങളും സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഫ്രഞ്ച് വിപ്ലവത്തിൻറെ ലക്ഷ്യങ്ങൾ സാർത്ഥകമാകയുള്ളൂ എന്നും അവർ വാദിച്ചു.   

            പത്തൊമ്പതാം നൂറ്റാണ്ടിൽ വോട്ടവകാശത്തിനുവേണ്ടി സ്ത്രീകൾ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിലെ സ്ത്രീ വാദത്തിൻറെ അടിസ്ഥാനശില എന്ന് പറയാം.മതസാമൂഹിക ആചാരങ്ങളെയും ശാരീരികമായും ബൗദ്ധികമായും സ്ത്രീകൾ പുരുഷന്മാരേക്കാൾ പുറകിലാണെന്ന ചിന്തയെയും ചോദ്യം ചെയ്യുക മാത്രമല്ല, സ്ത്രീക്കും പുരുഷനും തുല്യ നീതിയും തുല്യ അവകാശങ്ങളും ഉറപ്പാക്കുന്ന നിയമങ്ങൾ ഉണ്ടാകണമെന്നും അവർ തങ്ങളുടെ പ്രകടനപത്രികയിൽ കൂട്ടിച്ചേർത്തു.ഫ്രഞ്ച് സോഷ്യലിസ്റ്റായ ചാൾസ് ഫോറിയറാണ് 'ഫെമിനിസ്റ്റ്' എന്ന സംജ്ഞ ആദ്യമായി പ്രയോഗിച്ചത് എന്നാൽ 'ഫെമിനിസം 'എന്ന പദം 1895 ഏപ്രിൽ 28 ന് അത്തന്വം എന്ന ആനുകാലികത്തിലൂടെയാണ് പ്രചാരം നേടുന്നത്. ആദ്യകാല സ്ത്രീവാദ ചരിത്രം പരിശോധിച്ചാൽ സ്ത്രീവാദ പ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അമരത്ത് അധികവും പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നുമുള്ള വെള്ളക്കാരായ സ്ത്രീകളാണെന്ന് വ്യക്തമാണ്.എന്നാൽ ഇതിന് മാറ്റം വരുന്നത് 1881ൽ അമേരിക്കൻ സ്ത്രീവാദികളോട് സോജോണൽ ട്രൂത്ത് നടത്തിയ പ്രസംഗത്തോടു കൂടിയാണ്. സ്ത്രീസമത്വത്തിനു വേണ്ടി ഉയർന്നുവന്ന സ്ത്രീവാദ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തരംതിരിക്കാം എന്നാണ് മാഗിഹാം, റബേക്ക വാക്കർ എന്നിവരുടെ അഭിപ്രായം. ഒന്നാം തരംഗ സ്ത്രീവാദം ബ്രിട്ടനിലും അമേരിക്കൻ ഐക്യനാടുകളിലും സമ്മതിദാനാവകാശങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതാണ്.ലുക്രിഷ്യ കോഫിൻ മാട്ട്, ലൂസിസ്റ്റോൺ, എലിസബത്ത് കാഡി സ്റ്റാൻ റൺ എന്നിവരാണ് അമേരിക്കൻ ഐക്യനാടുകളിൽ നേതൃത്വം നൽകിയവർ. രണ്ടാം തരംഗ സ്ത്രീവാദം 1960-കളിൽ ആരംഭിച്ച സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും പ്രവർത്തനങ്ങളും ആണ്.ഈ കാലഘട്ടത്തിലാണ് സ്ത്രീയുമായി ബന്ധപ്പെട്ട സമകാലിക പ്രശ്നത്തിന്റെ മാതാവെന്ന് മേരി ഈഗിൾട്ടൺ വിശേഷിപ്പിച്ച വെർജീനിയ വുൾഫിന്റെയും സിമോൺ ഡി ബുവ്വർ, ബെറ്റി ഫ്രീഡൻ, എലൈൻ ഷോവർട്ടർ എന്നീ എഴുത്തുകാരുടെ കടന്നുവരവ്. മൂന്നാം തരംഗ സ്ത്രീവാദം ആകട്ടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അറേബ്യയിലും ഏഷ്യൻ രാജ്യങ്ങളിലും ഉണ്ടായ അനുരണനങ്ങളാണ്.പാരമ്പര്യവാദികൾക്കെതിരെ പ്രതികരിക്കാനുള്ള മാധ്യമമായി സ്ത്രീകൾ സാഹിത്യത്തെ സ്വീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. കേറ്റ് മില്ലറ്റ്, യൂലിയ ക്രിസ്റ്റോവ, ഷുലാമിത്ത് ഹയർ സ്റ്റോൺ എന്നിവരാണ് പ്രധാന എഴുത്തുകാരികൾ. 

                                                  ഇന്ത്യൻ സ്ത്രീവാദ ചരിത്രത്തിന് മൂന്നു മുഖങ്ങൾ ഉണ്ടെന്ന് കാണാം.പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിക്കുന്ന ആദ്യഘട്ടം ഇന്ത്യയിലെ സതി പോലുള്ള ദുരാചാരങ്ങൾക്കെതിരെ യൂറോപ്യൻ ഭരണാധികാരികൾ ശബ്ദമുയർത്തിയ ഘട്ടമാണ്. രണ്ടാമത്തേതാകട്ടെ ക്വിറ്റിന്ത്യ സമരത്തിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് ഗാന്ധിജി സ്വാതന്ത്ര്യസമരത്തിനായുള്ള സ്ത്രീ സംഘടനകളുടെ പിന്തുണ ആവശ്യപ്പെടുന്നിടത്തു നിന്ന് ആരംഭിക്കുന്നു. ഇത് സ്വാതന്ത്ര്യത്തിനു മുമ്പ് 1915 കാലഘട്ടത്തിൽ ആണെങ്കിൽ മൂന്നാം ഘട്ടം ആരംഭിക്കുന്നത് സ്വാതന്ത്ര്യാനന്തരം ആണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യൻ സ്ത്രീശബ്ദം ചരിത്രത്തിലെ ഒരു ഒരു താളിലും രേഖപ്പെടുത്തിയില്ല. ഈ കാലഘട്ടത്തിലെ സ്ത്രീ ശബ്ദമാണ് 'അമർ ജിബോന്' എന്ന ആത്മകഥ എഴുതിയ രസ്സുണ്ഡാരിദേവി എന്ന ബംഗാളി വീട്ടമ്മയുടേത്. കൂടാതെ, ടാഗോറിന്റെ സഹോദരി സ്വർണ്ണ കുമാരി,അവരുടെ മകൾ സരള ദേവി,ഭോപ്പാലിലെ ബീഗം എന്നിവരുടേത്. 1882ൽ സ്ത്രീകളുടെ തിയോളജിക്കൽ സൊസൈറ്റി രൂപീകരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വം നേടുകയും ചെയ്ത പ്രതിഭാശാലി ആണ് സ്വർണ്ണ കുമാരി.1903ൽ സ്ത്രീസുരക്ഷിതത്വം ഉറപ്പിക്കാൻ സ്ത്രീകൾക്ക് വാൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകിയ സരളദേവിയും ഇന്ത്യൻ മുസ്ലിം സ്ത്രീകൾക്കായി ഒരു സംഘടന രൂപീകരിച്ച ബീഗവും ചരിത്രത്തിലിടം നേടേണ്ടവർ തന്നെയാണ്. 1974-ലെ ടുവാർഡ്‌സ് ഇക്വാലിറ്റി റിപ്പോർട്ട് സ്ത്രീവാദ ചരിത്രത്തിലെ നാഴികക്കല്ലാണ്. 

                                      

                                                           കേരളത്തിലെ സ്ത്രീ മുന്നേറ്റചരിത്രത്തിന്റെ പ്രാരംഭദശ തിരുവിതാംകൂറിൽ 1829 -1859 വർഷങ്ങളിൽ നടന്ന മേൽമുണ്ട് സമരത്തിൽ നിന്നാണ്.വി.ടി. ഭട്ടതിരിപ്പാടിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഫലമായിട്ടുണ്ടായ ഉന്നമനങ്ങളിൽ നിന്നും വേറിട്ട മാതൃകകൾ പുതുകാലത്തിനുണ്ട്.വനിതാമതിലും രാത്രി സഞ്ചാരവുമെല്ലാം പുതുകാല സ്ത്രീപ്രശ്നങ്ങൾക്കെതിരായുള്ള സാമൂഹ്യ പോരാട്ടമായി വിലയിരുത്താം.


അഭിപ്രായങ്ങള്‍